Wednesday 16 March 2022

പരൽമീനുകൾ

ട്രെയിനിൽ എന്റെ സീറ്റിൽ ഒരു ഫാമിലി ആര്ഭാടമായി ഇരുന്ന് പോകുന്നത് കണ്ടുകൊണ്ട് കോച്ചിൽ വേറെ സീറ്റുകൾ വല്ലോം ഒഴിവുണ്ടോ എന്നറിയാൻ ഒന്ന് നടന്നതായിരുന്നു.
പ്രതീക്ഷ തെറ്റിയില്ല ഒരു സീറ്റ് എനിക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്നു.
ഒന്നും നോക്കിയില്ല അവിടിരുന്നു.
വീട്ടിൽ നിന്നും ഉച്ചഭക്ഷണം ഉമ്മ വാട്ടിയ വാഴ ഇലയിൽ പൊതിഞ്ഞു തന്നത് വയർ നിറയെ കഴിച്ച് ഇരിക്കുക ആയിരുന്നതിനാൽ ചെറിയൊരു മയക്കം എന്നെ വേട്ടയാടി തുടങ്ങിയിരുന്നു.
അൽപ നേരം അവിടിരുന്നു മയങ്ങി പോയി ..ഏതാണ്ട് ഹെഡ്‌സെറ്റിൽ 5 പാട്ടോളം പ്ളേ ആവുന്ന നേരം ഞാൻ മയക്കത്തിലായിരുന്നു.
ശേഷം കണ്ണു തുറന്ന് പുറത്തേക്ക് നോക്കുമ്പോൾ ചില്ലു ജനാലയിൽ പരൽ മീനുകൾ തുള്ളി കളിക്കുന്നത് പോലെ 2 കണ്ണുകൾ ഇമ വെട്ടി വെട്ടി തുള്ളി കളിക്കുന്നു !
ഉമ്മയുണ്ടാക്കി തന്ന കക്കായിറച്ചിയും കിളിമീൻ പൊരിച്ചതും കൂട്ടി ചോറുണ്ടതിന്റെ സ്വാദ് അറിയാതെ പെട്ടെന്ന് ഞെട്ടലോട് കൂടി കുഞ്ഞൊരു എമ്പക്കമായി പുറത്തേക്ക് വന്നു.
ആ ഞെട്ടലിൽ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ 5 മില്ലിസെക്കണ്ട് ഒന്നിടഞ്ഞു.
പിന്നെ കുറേനേരം കണ്ണുകൾ കൊണ്ട് ഞങ്ങൾ കഥകളും കവിതകളും എഴുതി.
ഞാൻ വരുന്നതിനു മുന്നേ പരിചയപ്പെട്ട ഒരു അങ്കിളിനോട് യാത്ര പറഞ്ഞ് അവൾ കുറ്റിപ്പുറം സ്റ്റേഷനിൽ ഇറങ്ങാനായി സീറ്റിൽ നിന്നും എണീറ്റ് ഡോറിന്റെ അരികിലേക്ക് ബാഗൊക്കെ എടുത്ത് നീങ്ങി.
അവിടെ നിന്നു കൊണ്ട് ആ പരൽ മീനുകൾ എന്നിലേക്ക് 2 തവണ വീണ്ടും ഇടഞ്ഞു.
ഒന്നു മിണ്ടാൻ വിളിക്കുകയാണോ എന്നറിയാൻ ഇനി നോക്കുകയാണെങ്കിൽ അരികിലേക്ക് പോകാം എന്ന് തീരുമാനിച്ചിരുന്ന ആ നിമിഷം അടുത്ത നോട്ടവും അവള് തീഷ്ണതയോടെ എന്നിലേക്ക് വെട്ടിച്ചു.
ക്ഷണ നേരം കൊണ്ട് ഞാൻ സീറ്റിൽ നിന്നും എണീറ്റ് അവളുടെ അരികിലേക്ക് നടന്നു.
അടുത്തെത്തി അവളോട് മിണ്ടാനായി വാക്കുകൾ ആലോചിക്കവേ ഉടല് മുഴുവൻ അതിമനോഹരമായി തിളങ്ങുന്ന ആ പരൽമീനുകളുടെ സൗന്ദര്യത്തിൽ തരിച്ചു നിന്നു പോയി ഞാൻ.
ട്രെയിൻ നിന്നു.
അവളിറങ്ങി.
തിരിഞ്ഞു നോക്കാതെ ആ പരൽമീനുകൾ ചൂണ്ടയിൽ കുരുങ്ങാതെ എന്നിൽ നിന്നും നീന്തി പോയി.
അവസാനം തീവണ്ടി പിന്നെയും നീങ്ങി തുടങ്ങിയപ്പോൾ ആ തുടിക്കുന്ന പരൽമീനുകൾ  ഒന്നുകൂടി പാളി നോക്കി എന്നെ ഡോറരികിൽ സ്തബ്ധനാക്കി നിർത്തി ആൾക്കൂട്ടത്തിലേക്ക് ഊളിയിട്ടു പോയി !

B2-15

Sunday 12 April 2020

ഓർമ്മയിൽ ഒരു കുട്ടിക്കാലം ഭാഗം 3


ഒരു വീശൽ കഥ..


സ്‌കൂൾ വിട്ട് കഴിഞ്ഞു വന്നാൽ ഒരു ചായ ഒക്കെ കുടിച്ച് പറമ്പിലും തൊടിയിലുമൊക്കെ ചുമ്മാ അങ്ങനെ കറങ്ങി നടക്കും..ചുവന്ന സൂര്യനെ ഭൂമി വിഴുങ്ങാനാകുമ്പോൾ വാപ്പി കുറച്ച് കടലപ്പിണ്ണാക്ക് എടുത്ത് കുഴച്ച് 'ഉണ്ട' പരുവമാക്കി ഇറങ്ങും..എന്നിട്ട് തൊട്ടിന്റെ ഇറമ്പത്തൂടെ ഒരു പോക്കാണ്..വലിയ ഉണ്ടകളാക്കി ആയിരിക്കും കടലപ്പിണ്ണാക്ക് ഉരുട്ടിയിട്ടുണ്ടാവുക..പിന്നാലെ ഞാനും പോകും...
(അങ്ങനൊരു വൈകുന്നേരത്താണ് പണ്ട് 2004ഇൽ സുനാമി വന്ന വിവരം അറിയുന്നത്..) തോടിന്റെ ഓരോ കടവിലും ഓരോ ഭാഗത്തും ആയി ഒത്ത നടുക്ക് ഓരോ കടലാപ്പിണ്ണാക്കിന്റെ ഉണ്ടകൾ എറിഞ്ഞു ഇട്ടിട്ട് തിരികെ വന്ന് സന്ധ്യ സമയത്തെ പ്രാർത്ഥന തീർക്കും...അതിനു ശേഷം വലയുമായി വാപ്പി പോകും..സ്വാഭാവികമായി ഞാനും പിന്നാലെ പോകും..വാപ്പിയുടെ കയ്യിൽ വലയും എന്റെ കയ്യിൽ ഒരു ടോർച്ചും ആയിരിക്കും ഉണ്ടാവുക..സന്ധ്യക്ക് എറിഞ്ഞ സ്ഥലങ്ങളിലൊക്കെ വല വീശി പള്ളത്തിയും കരിമീൻ പള്ളത്തിയും പരലും അറിഞ്ഞിലും കോലാനും ഇടക്ക് കൊഞ്ചും ഒക്കെ വലയിൽ നിന്ന് കുടഞ്ഞിട്ട ഇടത്തിൽ നിന്നും എടുത്ത് ബക്കറ്റിലേക്ക് ഇടുന്ന സമായം വല്ലാത്ത ആവേശമായിരിക്കും.
സ്ഥിരം ഉണ്ടാവാറില്ല ഈ വലവീശൽ..വീശുന്ന അന്ന് ഏതായാലും കോളാണ്..അപ്പൊ തന്നെ ഉമ്മാനെ കൊണ്ട് മീൻ മുഴുവൻ വൃത്തിയാക്കിപ്പിച്ച് അടുപ്പത്ത് കയറ്റി രാത്രീലത്തെ ചോറിന്റെ കൂടെ തട്ടുമായിരുന്നു..പള്ളത്തി കൂടുതൽ കിട്ടുന്ന രാത്രി കിടിലമാണ്..പൊരിച്ച് കഴിഞ്ഞാൽ പള്ളത്തിയുടെ സ്വാദ് വേറൊന്നിനില്ല..ചിപ്സ് ഒക്കെ കൊറിക്കുന്ന പോലെ പൊരിച്ചിടുമ്പോൾ തന്നെ എടുത്ത് തിന്ന് തിന്ന് ഉമ്മാന്റെ അടുത്തൂന്ന് എത്ര ചീത്ത കേട്ടിരിക്കുന്നു എന്നതിൽ ഒരു കണക്കുമില്ല.

കുട്ടനാട്ടുകാരനായിരുന്നത് കൊണ്ടു തന്നെ വിദേശത്ത് നിന്നും വരുമ്പോൾ വാപ്പി കൂടെ പലതരം, പല ഇനം ചൂണ്ടലുകളും കൊണ്ടു വന്നിട്ടുണ്ടായിരുന്നു..അതിൽ ഒരെണ്ണം എടുത്ത് ഒരു ദിവസം ഞാൻ അങ്ങു ഇറങ്ങി..

വീടിന്റെ വലത്തേ സൈഡിൽ വലിയൊരു പാടമുണ്ട്..ഓർമ്മയിൽ ഞാൻ ആദ്യമായി ചൂണ്ടയിട്ട് മീൻ പിടിച്ചത് ആ പാടത്ത് നിന്നാണ്..കുറച്ചു വെള്ളമേ ഉണ്ടായിരുന്നുള്ളു..അതും അത്യാവശ്യം തെളിഞ്ഞ വെള്ളം...ചൂണ്ട ഇടാൻ അന്ന് ഒരു ഐഡിയയുമില്ലാത്ത എനിക്ക് ഇതിൽ കൂടുതൽ വേറെന്ത് വേണം!?
അലക്കുന്ന കല്ലിന്റെ സൈഡിൽ നിന്ന് ഒരു വിരയെ കുത്തിയെടുത്ത് ചൂണ്ടയിൽ കോർത്ത് ഞാൻ അങ്ങനെ ഇരയെ വെയിറ്റ് ചെയ്തിരിക്കുമ്പോളാണ്..എന്റെ ഭാഗ്യം കൊണ്ടും മീനിന്റെ നിർഭാഗ്യം കൊണ്ടും ചെമ്പല്ലി എന്ന മീൻ വന്ന് കൊത്തുന്നത്..വലിയ സൈസൊന്നുമില്ല ഒരു ഇടത്തരം ചെമ്പല്ലി..ആ ചെമ്പല്ലി എന്റെ ആദ്യത്തെ ചൂണ്ടയിൽ കൊത്തി പണി വാങ്ങിയ മീനെന്ന പേരിൽ ചരിത്രത്തിൽ ഇടം നേടി, അവിടെ നിന്നും എന്റെ ആമാശയത്തിലേക്കും..

തുടരും...


Saturday 11 May 2019

ഓർമ്മയിൽ ഒരു കുട്ടിക്കാലം-ഭാഗം 2



നബി: പ്രളയം വരുന്നതിനു മുന്നേയും കുട്ടനാട്ടിൽ വെള്ളം പൊങ്ങാറുണ്ട്..അങ്ങനെയുള്ള, മനുഷ്യരെ അത്രയ്ക്ക് ബുദ്ധിമുട്ടിക്കാഞ്ഞ ഒരുവെള്ളപ്പൊക്കത്തിന്റെ ചെറിയ സ്മരണയാണ് ഇത്.

ഓർമ്മയിൽ 3 തവണ വെള്ളപ്പൊക്കം വന്നിട്ടുണ്ട് കുട്ടിക്കാലത്തു...
വാപ്പിയും ഉമ്മയും ആധി പിടിച്ച് ഒടുന്നതൊന്നും അറിയാതെ വെള്ള പൊക്കത്തെ ഞങ്ങൾ വളരെയധികം ആസ്വദിച്ചിരുന്നു..
ഇന്നലെ വരെ ഒടിക്കളിച്ച് നടന്നിരുന്ന മുറ്റത്തൂടെ വരാലും ചെമ്പല്ലിയും പുളകനുമൊക്കെ ആരെയും കൂസാതെ പോകുന്നത് കണ്ട് തുള്ളിച്ചാടുമ്പോൾ 'ഇതൊക്കെ എന്ത്' എന്ന ഭാവത്തിൽ നാലഞ്ച് വെള്ളപ്പൊക്കം കൂടുതൽ കണ്ട ഉമ്മയും വാപ്പിയുമൊക്കെ എന്നെ നോക്കി പുഛിക്കും!
 വീടിന്റുള്ളിലേക്ക് വെള്ളം വിളിക്കാത്ത അഥിതിയെന്നു നമ്മൾ പറയുന്ന പോലെ കടന്നു വരുമ്പോൾ രാത്രി ഉറങ്ങാൻ പേടിച്ച് നേരം വെളുപ്പിച്ചിരുന്നു... ഭക്ഷണം കഴിച്ച് കഴിഞ്ഞു, കഴിച്ച പ്ലേറ്റ് വെള്ളത്തിലൂടെ അടുക്കളയിലോട്ടു ഒഴുക്കി വിട്ട് ഞാൻ ആ സമയങ്ങളിൽ ഒരു വള്ളക്കാരനായി മാറുമായിരുന്നു. വെള്ളപൊക്കം അല്പമൊന്ന് കനക്കുമ്പോൾ വാപ്പിയുടെ മുട്ടോളം വെള്ളം പൊങ്ങി എത്തി കഴിയുമ്പോൾ വാപ്പി വിദേശത്ത് നിന്നും കൊണ്ട് വന്ന എയർ നിറച്ച് വെള്ളത്തിൽ ഇടാൻ കഴിയുന്ന ഒരു കുഞ്ഞു ബോട്ട് എടുത്ത് തരും. പിന്നീട് അതുമായി ഞാനും ഇത്തിയും അവധിക്ക് വീട്ടിലെത്തിയ ഇക്കയും വീട്ടിലെ പൂച്ചക്കുട്ടിയും കൂടി വെള്ളം കേറി കിടക്കുന്ന വീട്ട് പറമ്പിലൂടെ ഒരു സവാരിയായിരിക്കും.മുന്നിലൂടെ പോകുന്ന തോട് വെള്ളപ്പൊക്ക സമയത്തു ഒരു അതിർ വരമ്പായിരുന്നു..നടന്ന് പോയ വഴികളിലൂടെ ആ ബോട്ടുമായിട്ടു ഞങ്ങളങ്ങനെ തുഴഞ്ഞ് തുഴഞ്ഞ് പോയികൊണ്ടേ ഇരിക്കും. വെള്ളത്തിലേക്ക് വീണ കുടംപുളിയും തേങ്ങയും മാമ്പഴവുമൊക്കെ വെള്ളത്തിൽ നിന്നും എടുത്ത് വീട്ടിലേക്ക് കൊണ്ട് വന്ന് ബോട്ട് യാത്രയുടെ വിശേഷങ്ങൾ ഉമ്മാന്റെ മുന്നിൽ വിളമ്പി വെറുപ്പിക്കും.ഒടുവിൽ വെള്ളമൊക്കെ ഇറങ്ങി കഴിയുമ്പോ എല്ലാർക്കും വല്ലാത്ത ഒരു വിഷമമാണ്....വെള്ളത്തിലിനി ഇങ്ങനെ കളിക്കാൻ കഴിയില്ലല്ലോ എന്നുള്ള വിഷമം എനിക്കും ഇത്തിക്കും ഇക്കാകും ,വെള്ളം കയറിയിറങ്ങി പോയപ്പോൾ ബാക്കി ആക്കി ഉപേക്ഷിച്ച് പോയ ചെളിയും അഴുക്കുകളുമൊക്കെ വൃത്തിയാക്കണമല്ലോ എന്നുള്ള വിഷമം വീട്ടുകാർക്കും....

തുടരും.

Thursday 9 May 2019

ഓർമ്മയിൽ ഒരു കുട്ടിക്കാലം

ചില ഓർമ്മകളാണ്..എത്ര വളർന്നാലും ഓടി കളിച്ച് നടന്നിരുന്ന കുട്ടിക്കാലങ്ങളൊന്നും മറന്ന് പോവില്ലല്ലോ നമ്മുടെ ഉള്ളിൽ നിന്നും...കുറച്ച് ഓർമ്മകളൊക്കെ വലിച്ച് കീറി നിങ്ങളുടെ മുന്നിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുകയാണ് , സഹിക്കുക.

അന്ന് മുന്നിൽ തോടും സൈഡിലൊക്കെ പാടങ്ങളുമായി കുറച്ച് ഒറ്റപ്പെട്ട് കിടന്നിരുന്ന വീടായിരുന്നത് കൊണ്ട് ഉമ്മ ദൂരേക്ക് കൂട്ടുകാരുമായിട്ടു കളിക്കാൻ വിടാറില്ലായിരുന്നു..അതിനു വേണ്ടി കരഞ്ഞു ആ കാലം ഉമ്മാനെ വെറുപ്പിക്കലായിരുന്നു പ്രധാന ഹോബി.. കരഞ്ഞ് കീറിയത് കൊണ്ടൊന്നും ഇളക്കാൻ കഴിയാതെ ഉമ്മ ഉറച്ച് നിന്നപ്പോൾ,
10 രൂപേന്റെ സ്റ്റമ്പർ പന്ത് ഭിത്തിയിലേക്ക് എറിഞ്ഞു തിരിച്ച് വരുമ്പോ മടല് ബാറ്റ് കൊണ്ട് അടിച്ച് ഞാൻ അന്ന് സച്ചിനും സേവാഗുമൊക്കെ ആയി..ഇടക്ക് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു സിക്സറുകൾ പായിച്ച് ജനൽ ചില്ലുകൾ പൊട്ടിച്ചു ഒറ്റയാൾ ക്രിക്കറ്റ് മത്സരത്തിന്റെ പ്രതിഷേധം ഞാൻ അറിയിച്ചും കൊടുത്തിരുന്നു.. മത്സര ശേഷം അടിച്ച സിക്സറിന്റെയും സെഞ്ചറികളുടേയും അവാർഡ് ഉമ്മാന്റെ വക ചൂരൽ കഷായമായി കിട്ടി ബോധിച്ച് പുളകിതനായിരുന്ന കാലങ്ങൾ!
ഒടുവിൽ അവാർഡുകളുടെ എണ്ണം കൂടിയപ്പോളാണ് ടെസ്റ്റ് ക്രിക്കറ്റിനെയും രാഹുൽ ദ്രാവിഡിനെയുമൊക്കെ ഞാൻ ഉമ്മാന്റെ മുന്നിൽ പോപ്പുലറാക്കിയത് !
ആറ്റിറമ്പത്തെ കാറ്റിന്റെ കുളിരും പുരയിടത്തിലെ ചെന്തെങ്ങിന്റെ കരിക്കും കൈക്കൂലി കൊടുക്കാമെന്നേറ്റ് സ്കൂളിലും മദ്രസയിലും കൂടെ പഠിക്കുന്ന കൂട്ടുകാരെ അവധി ദിവസങ്ങളിൽ ചാക്കിട്ട് വീട്ടിലേക്ക് വിളിച്ച വരുത്തി ഞാൻ ആഷസ്സും വേൾഡ്‌ കപ്പുമൊക്കെ കളിക്കാൻ തുടങ്ങി.അങ്ങനങ്ങനെ ഉമ്മാന്റെ കയ്യിൽ നിന്നും വിദേശ പര്യടനങ്ങളിലേക്ക് അനുമതി ലഭിക്കുകയുണ്ടായി.പിന്നീട് മഴക്കാലത്ത് പറമ്പുകളിൽ ഫുട്ബാളും മഴ തൊരുമ്പോ 10 ഓവർ ക്രിക്കറ്റ് മാച്ചുകളും വേനലാവുമ്പോ വറ്റി വരണ്ട പാടങ്ങളിൽ പിച്ച് ഉണ്ടാക്കി ലോങ്ങ് ബൗണ്ടറികൾ വെച്ച് വണ്ടേകളും കളിച്ച് ആർത്തുല്ലസിച്ച് കഴിഞ്ഞൊരു കുട്ടിക്കാലങ്ങൾ.............

തുടരും.

Saturday 29 August 2015

കുറ്റബോധം

ആ ചിരികളും കുസൃതികളും അഹങ്കാരവും  ഒടുവിൽ എനിക്കുവേണ്ടി ഉണ്ടാക്കിയെടുത്ത സ്നേഹവും ഒക്കെ എന്റെ എന്നത്തെയും നഷ്ടങ്ങളാണു ... എന്റെ വാക്കുകളെ ഞാൻ ആയിരം തവണ ശിക്ഷിച്ചു കഴിഞ്ഞു..ഇനി എനിക്‌ മാപ്പ്‌ നൽകുവിൻ...നഷ്ടമായത്‌ നഷ്ടമായി തന്നെ അവശേഷിക്കട്ടെ .ആ നഷ്ടങ്ങളാണു എന്റെ സന്തോഷങ്ങൾ...

Thursday 23 July 2015

അമ്മ


ഓർഫനേജിലേ സിസ്റ്ററാണു അവനോടു അമ്മയുടെ അർത്ഥം നിർവ്വചിച്ചു നൽകിയത്‌ ; സ്വന്തം സുഖങ്ങൾ പോലും നോക്കാതെ തന്റെ മക്കൾക്ക്‌ വേണ്ടി ജീവിക്കുന്ന ഒരു ആത്മാവാണു അമ്മയെന്നു...
കുട്ടിമനസ്സിലെ ആകാംക്ഷയും നിഷ്കളങ്കതയും കൂടെ കൂട്ടി അവൻ കണ്മുന്നിൽ അമ്മയുടെ മുഖത്തിനു വേണ്ടി പരതി.
കൽപടവുകൾ പിടിച്ച്‌ പിടിച്ച്‌ കയറി നിന്ന് അവൻ ലോകത്തിലേക്ക്‌ നോക്കി
അവിടെ കന്നുകാലികൾ വയലുകളിൽ മേയുന്നതും മരം മുറിക്കുന്ന മനുഷ്യനെയും എച്ചിലുകൾക്ക്‌ വേണ്ടി കൊത്തുണ്ടാക്കുന്ന കാക്കകളേയും പരസ്പരം ചീത്ത വിളിച്ച്‌ പറഞ്ഞു കൊണ്ട്‌ തെരുവിൽ ഏറ്റുമുട്ടുന്ന തമ്മിൽ കൊല്ലുന്ന സഹജീവികളെയും  അവൻ കണ്ടു..
കാലുകുത്തി നിന്ന മണ്ണിലേക്കും അനന്തമായ ആകാശത്തിലേക്കും നോക്കി നിന്നവൻ അറിയാതെ മൊഴിഞ്ഞു...
'അമ്മേ...'

Monday 20 July 2015

സോഷ്യൽ മീഡിയ

അവളെന്നും ഒറ്റക്കായിരുന്നു..
പെണ്ണിനുത്തമം വീട്ടിലെ ഉള്ളിന്റുള്ളാണെന്ന നിയമം ഒരിക്കലും തെറ്റിക്കാതെ നാലു ചുമരുകൾകുള്ളിലിരുന്ന് അവൾ അവളുടേതായ ലോകം പടത്തുയർത്തി..
ഇടയ്കെപ്പഴോ തുറന്നിട്ട ജനാലകൾക്കുള്ളിലൂടെ പുറം ലോകത്തിന്റെ നേർത്ത പ്രകാശം ഉള്ളിലേക്ക്‌ പ്രവഹിച്ചപ്പോൾ അവൾ പുറം ലോകത്തിന്റെ വശ്യത തിരിച്ചറിഞ്ഞു..
പഠിക്കാൻ സ്മാർട്ടായ അവൾക്‌ ഗൾഫിൽ നിന്നും ഇളയാപ്പ കൊണ്ട്‌ കൊടുത്ത സ്മാർട്‌ ഫോണിൽ അവൾ പുതുലോകത്തിന്റെ നെഞ്ചിലേക്ക്‌ വലിഞ്ഞു കേറി ഹോം പേജിൽ ഒരു പോസ്റ്റിട്ടു

 "ഹായ്‌" ..

പുതിയ ലോകം അപ്പോൾ നാലുചുമരുകൾകുള്ളിൽ ഉറങ്ങിക്കിടക്കുന്ന മറ്റൊരു കുട്ടിയേ തേടുകയായിരുന്നു.