Saturday, 11 May 2019

ഓർമ്മയിൽ ഒരു കുട്ടിക്കാലം-ഭാഗം 2



നബി: പ്രളയം വരുന്നതിനു മുന്നേയും കുട്ടനാട്ടിൽ വെള്ളം പൊങ്ങാറുണ്ട്..അങ്ങനെയുള്ള, മനുഷ്യരെ അത്രയ്ക്ക് ബുദ്ധിമുട്ടിക്കാഞ്ഞ ഒരുവെള്ളപ്പൊക്കത്തിന്റെ ചെറിയ സ്മരണയാണ് ഇത്.

ഓർമ്മയിൽ 3 തവണ വെള്ളപ്പൊക്കം വന്നിട്ടുണ്ട് കുട്ടിക്കാലത്തു...
വാപ്പിയും ഉമ്മയും ആധി പിടിച്ച് ഒടുന്നതൊന്നും അറിയാതെ വെള്ള പൊക്കത്തെ ഞങ്ങൾ വളരെയധികം ആസ്വദിച്ചിരുന്നു..
ഇന്നലെ വരെ ഒടിക്കളിച്ച് നടന്നിരുന്ന മുറ്റത്തൂടെ വരാലും ചെമ്പല്ലിയും പുളകനുമൊക്കെ ആരെയും കൂസാതെ പോകുന്നത് കണ്ട് തുള്ളിച്ചാടുമ്പോൾ 'ഇതൊക്കെ എന്ത്' എന്ന ഭാവത്തിൽ നാലഞ്ച് വെള്ളപ്പൊക്കം കൂടുതൽ കണ്ട ഉമ്മയും വാപ്പിയുമൊക്കെ എന്നെ നോക്കി പുഛിക്കും!
 വീടിന്റുള്ളിലേക്ക് വെള്ളം വിളിക്കാത്ത അഥിതിയെന്നു നമ്മൾ പറയുന്ന പോലെ കടന്നു വരുമ്പോൾ രാത്രി ഉറങ്ങാൻ പേടിച്ച് നേരം വെളുപ്പിച്ചിരുന്നു... ഭക്ഷണം കഴിച്ച് കഴിഞ്ഞു, കഴിച്ച പ്ലേറ്റ് വെള്ളത്തിലൂടെ അടുക്കളയിലോട്ടു ഒഴുക്കി വിട്ട് ഞാൻ ആ സമയങ്ങളിൽ ഒരു വള്ളക്കാരനായി മാറുമായിരുന്നു. വെള്ളപൊക്കം അല്പമൊന്ന് കനക്കുമ്പോൾ വാപ്പിയുടെ മുട്ടോളം വെള്ളം പൊങ്ങി എത്തി കഴിയുമ്പോൾ വാപ്പി വിദേശത്ത് നിന്നും കൊണ്ട് വന്ന എയർ നിറച്ച് വെള്ളത്തിൽ ഇടാൻ കഴിയുന്ന ഒരു കുഞ്ഞു ബോട്ട് എടുത്ത് തരും. പിന്നീട് അതുമായി ഞാനും ഇത്തിയും അവധിക്ക് വീട്ടിലെത്തിയ ഇക്കയും വീട്ടിലെ പൂച്ചക്കുട്ടിയും കൂടി വെള്ളം കേറി കിടക്കുന്ന വീട്ട് പറമ്പിലൂടെ ഒരു സവാരിയായിരിക്കും.മുന്നിലൂടെ പോകുന്ന തോട് വെള്ളപ്പൊക്ക സമയത്തു ഒരു അതിർ വരമ്പായിരുന്നു..നടന്ന് പോയ വഴികളിലൂടെ ആ ബോട്ടുമായിട്ടു ഞങ്ങളങ്ങനെ തുഴഞ്ഞ് തുഴഞ്ഞ് പോയികൊണ്ടേ ഇരിക്കും. വെള്ളത്തിലേക്ക് വീണ കുടംപുളിയും തേങ്ങയും മാമ്പഴവുമൊക്കെ വെള്ളത്തിൽ നിന്നും എടുത്ത് വീട്ടിലേക്ക് കൊണ്ട് വന്ന് ബോട്ട് യാത്രയുടെ വിശേഷങ്ങൾ ഉമ്മാന്റെ മുന്നിൽ വിളമ്പി വെറുപ്പിക്കും.ഒടുവിൽ വെള്ളമൊക്കെ ഇറങ്ങി കഴിയുമ്പോ എല്ലാർക്കും വല്ലാത്ത ഒരു വിഷമമാണ്....വെള്ളത്തിലിനി ഇങ്ങനെ കളിക്കാൻ കഴിയില്ലല്ലോ എന്നുള്ള വിഷമം എനിക്കും ഇത്തിക്കും ഇക്കാകും ,വെള്ളം കയറിയിറങ്ങി പോയപ്പോൾ ബാക്കി ആക്കി ഉപേക്ഷിച്ച് പോയ ചെളിയും അഴുക്കുകളുമൊക്കെ വൃത്തിയാക്കണമല്ലോ എന്നുള്ള വിഷമം വീട്ടുകാർക്കും....

തുടരും.

Thursday, 9 May 2019

ഓർമ്മയിൽ ഒരു കുട്ടിക്കാലം

ചില ഓർമ്മകളാണ്..എത്ര വളർന്നാലും ഓടി കളിച്ച് നടന്നിരുന്ന കുട്ടിക്കാലങ്ങളൊന്നും മറന്ന് പോവില്ലല്ലോ നമ്മുടെ ഉള്ളിൽ നിന്നും...കുറച്ച് ഓർമ്മകളൊക്കെ വലിച്ച് കീറി നിങ്ങളുടെ മുന്നിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുകയാണ് , സഹിക്കുക.

അന്ന് മുന്നിൽ തോടും സൈഡിലൊക്കെ പാടങ്ങളുമായി കുറച്ച് ഒറ്റപ്പെട്ട് കിടന്നിരുന്ന വീടായിരുന്നത് കൊണ്ട് ഉമ്മ ദൂരേക്ക് കൂട്ടുകാരുമായിട്ടു കളിക്കാൻ വിടാറില്ലായിരുന്നു..അതിനു വേണ്ടി കരഞ്ഞു ആ കാലം ഉമ്മാനെ വെറുപ്പിക്കലായിരുന്നു പ്രധാന ഹോബി.. കരഞ്ഞ് കീറിയത് കൊണ്ടൊന്നും ഇളക്കാൻ കഴിയാതെ ഉമ്മ ഉറച്ച് നിന്നപ്പോൾ,
10 രൂപേന്റെ സ്റ്റമ്പർ പന്ത് ഭിത്തിയിലേക്ക് എറിഞ്ഞു തിരിച്ച് വരുമ്പോ മടല് ബാറ്റ് കൊണ്ട് അടിച്ച് ഞാൻ അന്ന് സച്ചിനും സേവാഗുമൊക്കെ ആയി..ഇടക്ക് വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു സിക്സറുകൾ പായിച്ച് ജനൽ ചില്ലുകൾ പൊട്ടിച്ചു ഒറ്റയാൾ ക്രിക്കറ്റ് മത്സരത്തിന്റെ പ്രതിഷേധം ഞാൻ അറിയിച്ചും കൊടുത്തിരുന്നു.. മത്സര ശേഷം അടിച്ച സിക്സറിന്റെയും സെഞ്ചറികളുടേയും അവാർഡ് ഉമ്മാന്റെ വക ചൂരൽ കഷായമായി കിട്ടി ബോധിച്ച് പുളകിതനായിരുന്ന കാലങ്ങൾ!
ഒടുവിൽ അവാർഡുകളുടെ എണ്ണം കൂടിയപ്പോളാണ് ടെസ്റ്റ് ക്രിക്കറ്റിനെയും രാഹുൽ ദ്രാവിഡിനെയുമൊക്കെ ഞാൻ ഉമ്മാന്റെ മുന്നിൽ പോപ്പുലറാക്കിയത് !
ആറ്റിറമ്പത്തെ കാറ്റിന്റെ കുളിരും പുരയിടത്തിലെ ചെന്തെങ്ങിന്റെ കരിക്കും കൈക്കൂലി കൊടുക്കാമെന്നേറ്റ് സ്കൂളിലും മദ്രസയിലും കൂടെ പഠിക്കുന്ന കൂട്ടുകാരെ അവധി ദിവസങ്ങളിൽ ചാക്കിട്ട് വീട്ടിലേക്ക് വിളിച്ച വരുത്തി ഞാൻ ആഷസ്സും വേൾഡ്‌ കപ്പുമൊക്കെ കളിക്കാൻ തുടങ്ങി.അങ്ങനങ്ങനെ ഉമ്മാന്റെ കയ്യിൽ നിന്നും വിദേശ പര്യടനങ്ങളിലേക്ക് അനുമതി ലഭിക്കുകയുണ്ടായി.പിന്നീട് മഴക്കാലത്ത് പറമ്പുകളിൽ ഫുട്ബാളും മഴ തൊരുമ്പോ 10 ഓവർ ക്രിക്കറ്റ് മാച്ചുകളും വേനലാവുമ്പോ വറ്റി വരണ്ട പാടങ്ങളിൽ പിച്ച് ഉണ്ടാക്കി ലോങ്ങ് ബൗണ്ടറികൾ വെച്ച് വണ്ടേകളും കളിച്ച് ആർത്തുല്ലസിച്ച് കഴിഞ്ഞൊരു കുട്ടിക്കാലങ്ങൾ.............

തുടരും.