Sunday, 12 April 2020

ഓർമ്മയിൽ ഒരു കുട്ടിക്കാലം ഭാഗം 3


ഒരു വീശൽ കഥ..


സ്‌കൂൾ വിട്ട് കഴിഞ്ഞു വന്നാൽ ഒരു ചായ ഒക്കെ കുടിച്ച് പറമ്പിലും തൊടിയിലുമൊക്കെ ചുമ്മാ അങ്ങനെ കറങ്ങി നടക്കും..ചുവന്ന സൂര്യനെ ഭൂമി വിഴുങ്ങാനാകുമ്പോൾ വാപ്പി കുറച്ച് കടലപ്പിണ്ണാക്ക് എടുത്ത് കുഴച്ച് 'ഉണ്ട' പരുവമാക്കി ഇറങ്ങും..എന്നിട്ട് തൊട്ടിന്റെ ഇറമ്പത്തൂടെ ഒരു പോക്കാണ്..വലിയ ഉണ്ടകളാക്കി ആയിരിക്കും കടലപ്പിണ്ണാക്ക് ഉരുട്ടിയിട്ടുണ്ടാവുക..പിന്നാലെ ഞാനും പോകും...
(അങ്ങനൊരു വൈകുന്നേരത്താണ് പണ്ട് 2004ഇൽ സുനാമി വന്ന വിവരം അറിയുന്നത്..) തോടിന്റെ ഓരോ കടവിലും ഓരോ ഭാഗത്തും ആയി ഒത്ത നടുക്ക് ഓരോ കടലാപ്പിണ്ണാക്കിന്റെ ഉണ്ടകൾ എറിഞ്ഞു ഇട്ടിട്ട് തിരികെ വന്ന് സന്ധ്യ സമയത്തെ പ്രാർത്ഥന തീർക്കും...അതിനു ശേഷം വലയുമായി വാപ്പി പോകും..സ്വാഭാവികമായി ഞാനും പിന്നാലെ പോകും..വാപ്പിയുടെ കയ്യിൽ വലയും എന്റെ കയ്യിൽ ഒരു ടോർച്ചും ആയിരിക്കും ഉണ്ടാവുക..സന്ധ്യക്ക് എറിഞ്ഞ സ്ഥലങ്ങളിലൊക്കെ വല വീശി പള്ളത്തിയും കരിമീൻ പള്ളത്തിയും പരലും അറിഞ്ഞിലും കോലാനും ഇടക്ക് കൊഞ്ചും ഒക്കെ വലയിൽ നിന്ന് കുടഞ്ഞിട്ട ഇടത്തിൽ നിന്നും എടുത്ത് ബക്കറ്റിലേക്ക് ഇടുന്ന സമായം വല്ലാത്ത ആവേശമായിരിക്കും.
സ്ഥിരം ഉണ്ടാവാറില്ല ഈ വലവീശൽ..വീശുന്ന അന്ന് ഏതായാലും കോളാണ്..അപ്പൊ തന്നെ ഉമ്മാനെ കൊണ്ട് മീൻ മുഴുവൻ വൃത്തിയാക്കിപ്പിച്ച് അടുപ്പത്ത് കയറ്റി രാത്രീലത്തെ ചോറിന്റെ കൂടെ തട്ടുമായിരുന്നു..പള്ളത്തി കൂടുതൽ കിട്ടുന്ന രാത്രി കിടിലമാണ്..പൊരിച്ച് കഴിഞ്ഞാൽ പള്ളത്തിയുടെ സ്വാദ് വേറൊന്നിനില്ല..ചിപ്സ് ഒക്കെ കൊറിക്കുന്ന പോലെ പൊരിച്ചിടുമ്പോൾ തന്നെ എടുത്ത് തിന്ന് തിന്ന് ഉമ്മാന്റെ അടുത്തൂന്ന് എത്ര ചീത്ത കേട്ടിരിക്കുന്നു എന്നതിൽ ഒരു കണക്കുമില്ല.

കുട്ടനാട്ടുകാരനായിരുന്നത് കൊണ്ടു തന്നെ വിദേശത്ത് നിന്നും വരുമ്പോൾ വാപ്പി കൂടെ പലതരം, പല ഇനം ചൂണ്ടലുകളും കൊണ്ടു വന്നിട്ടുണ്ടായിരുന്നു..അതിൽ ഒരെണ്ണം എടുത്ത് ഒരു ദിവസം ഞാൻ അങ്ങു ഇറങ്ങി..

വീടിന്റെ വലത്തേ സൈഡിൽ വലിയൊരു പാടമുണ്ട്..ഓർമ്മയിൽ ഞാൻ ആദ്യമായി ചൂണ്ടയിട്ട് മീൻ പിടിച്ചത് ആ പാടത്ത് നിന്നാണ്..കുറച്ചു വെള്ളമേ ഉണ്ടായിരുന്നുള്ളു..അതും അത്യാവശ്യം തെളിഞ്ഞ വെള്ളം...ചൂണ്ട ഇടാൻ അന്ന് ഒരു ഐഡിയയുമില്ലാത്ത എനിക്ക് ഇതിൽ കൂടുതൽ വേറെന്ത് വേണം!?
അലക്കുന്ന കല്ലിന്റെ സൈഡിൽ നിന്ന് ഒരു വിരയെ കുത്തിയെടുത്ത് ചൂണ്ടയിൽ കോർത്ത് ഞാൻ അങ്ങനെ ഇരയെ വെയിറ്റ് ചെയ്തിരിക്കുമ്പോളാണ്..എന്റെ ഭാഗ്യം കൊണ്ടും മീനിന്റെ നിർഭാഗ്യം കൊണ്ടും ചെമ്പല്ലി എന്ന മീൻ വന്ന് കൊത്തുന്നത്..വലിയ സൈസൊന്നുമില്ല ഒരു ഇടത്തരം ചെമ്പല്ലി..ആ ചെമ്പല്ലി എന്റെ ആദ്യത്തെ ചൂണ്ടയിൽ കൊത്തി പണി വാങ്ങിയ മീനെന്ന പേരിൽ ചരിത്രത്തിൽ ഇടം നേടി, അവിടെ നിന്നും എന്റെ ആമാശയത്തിലേക്കും..

തുടരും...